'ഇതിനാണോ അസിം മുനീര്‍ ട്രംപിനെ കണ്ടത്? ഇനിയും ട്രംപിന് നൊബേല്‍ നല്‍കണോ?'; പാകിസ്താനെതിരെ ഒവൈസി

നൊബേല്‍ ശുപാര്‍ശയ്ക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.

 

നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ആണവനിലയങ്ങള്‍ക്ക് മേല്‍ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേല്‍ നല്‍കാനുളള പാകിസ്താന്‍ ശുപാര്‍ശയെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. 

ഇറാനില്‍ ബോംബിടാനാണോ അസിം മുനീര്‍ ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേല്‍ നല്‍കണമോയെന്ന് പാകിസ്താനികളോട് ചോദിക്കണമെന്നും പരിഹസിച്ചു. ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണ് പ്രയോഗിച്ചതെന്നും എന്നാല്‍ അവിടങ്ങളില്‍ നിന്ന് അവര്‍ക്ക് ഒന്നും ലഭിച്ചില്ല എന്നും ഒവൈസി പറഞ്ഞു. യുഎസിന്റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാന്‍ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല. നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നൊബേല്‍ ശുപാര്‍ശയ്ക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പാകിസ്താന്‍ പറഞ്ഞത്. മേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.