ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിനു നേരെ ആക്രമണം ; 101 പേരെ കാണാതായി
ശ്രീലങ്കൻ തീരത്ത് ഇന്ത്യയിൽനിന്ന് മടങ്ങിയ ഇറാനിയൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായി. 78 പേർക്ക് പരിക്കേറ്റു. വാർത്ത ശ്രീലങ്കൻ നേവി സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അന്തർവാഹിനി ആക്രമണമാണ് നടന്നത്.
കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇന്ത്യയിൽനിന്ന് മടങ്ങിയ ഇറാനിയൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായി. 78 പേർക്ക് പരിക്കേറ്റു. വാർത്ത ശ്രീലങ്കൻ നേവി സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അന്തർവാഹിനി ആക്രമണമാണ് നടന്നത്.
റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. ഇറാൻ നേവിയുടെ ഐറിസ് ദേന എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. തെക്കൻ ശ്രീലങ്കയിൽനിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്. 32 പേരെ ശ്രീലങ്കൻ സേന രക്ഷപ്പെടുത്തി. നിരവധി മൃതദേഹങ്ങൾ കടലിൽനിന്ന് കണ്ടെടുത്തതായും ശ്രീലങ്കൻ അധികൃതർ പറഞ്ഞു.
ഇന്ത്യയിൽ നടന്ന ‘ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂ 2026’ ൽ പങ്കെടുത്ത ശേഷമാണ് ഇറാനിയൻ കപ്പൽ മടക്കയാത്ര ആരംഭിച്ചത്. രണ്ടാഴ്ച മുമ്പ്, ഇന്ത്യയിലെ സന്ദർശന വേളയിൽ വിശാഖപട്ടണത്തെത്തിയ ഇറാനിയൻ കപ്പലിനെ ഈസ്റ്റേൺ നാവിക കമാൻഡ് സ്വാഗതം ചെയ്തിരുന്നു.
അന്തർവാഹിനി ഉപയോഗിച്ച് കപ്പലിനെ ആക്രമിച്ചത് അമേരിക്കയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു. ലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. നിരവധി പേരുടെ ജീവൻ അപകടത്തിലായ സംഭവത്തിൽ കൂടുതൽ പേരെ രക്ഷപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കൻ നാവിക സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എത്രപേർ മരിച്ചുവെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ദിവസങ്ങൾക്കുമുമ്പ് ഇറാനു നേരെ നടത്തിയ ഏകപക്ഷീയ ആക്രമണം പശ്ചിമേഷ്യയിൽ അസ്വസ്ഥത പടർത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് ഇറാന് നേരെ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപെട്ടിരുന്നു. മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും 40ൽ അധികം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ആക്രമണത്തിൽ ഇറാനിൽ 700ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.