ഐപിഎസ് ഓഫീസറുടെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

കവർച്ചാശ്രമത്തിനിടെ വിരമിച്ച ഐപിഎസ് ഓഫീസറുടെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ . ഐപിഎസ് ഉദ്യോഗസ്ഥൻ രഞ്ജൻ റേയുടെ ഭാര്യ തനൂജയെ (55)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

 

വീട്ടിലെ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ എത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

ഹൈദരാബാദ് :  കവർച്ചാശ്രമത്തിനിടെ വിരമിച്ച ഐപിഎസ് ഓഫീസറുടെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ . ഐപിഎസ് ഉദ്യോഗസ്ഥൻ രഞ്ജൻ റേയുടെ ഭാര്യ തനൂജയെ (55)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്  .ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രശാസൻ നഗറിലാണ് സംഭവം നടന്നത്  . ഒന്നാം നിലയിലാണ് തനൂജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ഇവരുടെ മക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറക്കത്തിലായിരുന്നു. 

 വീട്ടിലെ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ എത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണിതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ അറിയിച്ചു.

കവർച്ചാ സംഘം തനൂജയെ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. രാവിലെ ഒൻപത് മണിയായിട്ടും അമ്മയെ കാണാതിരുന്നതോടെയാണ് മകള്‍ വന്നുനോക്കിയത്. മുകളിലെത്തെ മുറിയിലായിരുന്ന മകള്‍ അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല.

വീട്ടുജോലിക്കാരി കല്‍പ്പനയും നേപ്പാള്‍ സ്വദേശികളായ നാലംഗ സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനയ് രഞ്ജൻ സ്ഥലത്തില്ലെന്നറിഞ്ഞാണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ബെംഗളൂരുവിലായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളുമായി സംഘം കടന്നുകളഞ്ഞു. നിലവില്‍ സംഘം ഒളിവിലാണ്.