പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്‌ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. 
 
മുംബൈ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്‌ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ (ഐഡിസി) മഹാരാഷ്ട്ര സർക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാർവലുമായും (മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്‌സ്‌മെന്റ്) സംയുക്തമായിട്ടാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നാഗ്‍പൂരിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഇപ്പോൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പൊലീസ് അന്വേഷണങ്ങളെ ഗണ്യമായി വേഗത്തിലാക്കും.
എന്താണ് മഹാക്രൈം ഒഎസ്?
മഹാരാഷ്ട്ര സർക്കാരിന്റെ മാർവൽ സംരംഭവും മൈക്രോസോഫ്റ്റും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക അന്വേഷണ പ്ലാറ്റ്‌ഫോമാണ് മഹാക്രൈംഒഎസ് എഐ. പൊലീസ് ഉദ്യോഗസ്ഥർക്ക് സഹപൈലറ്റായി ഇത് പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് അസൂർ ഓപ്പൺഎഐ സർവീസസിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം ഇന്ത്യൻ പൊലീസിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
പൊലീസിന് എങ്ങനെ സഹായം ലഭിക്കും?
വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റുകൾ തുടങ്ങിയ കേസുകൾ പരിഹരിക്കാൻ പൊലീസിനെ ഈ എഐ സിസ്റ്റം സഹായിക്കും. വ്യത്യസ്‍ത ഭാഷകളിലുള്ള ഡാറ്റ മനസിലാക്കാനും പ്രോസസ് ചെയ്യാനും ബഹുഭാഷാ പിന്തുണയുള്ള ഈ സിസ്റ്റത്തിന് കഴിയും. അതുവഴി ഭാഷാ തടസങ്ങൾ ഇല്ലാതാക്കാം. ഒരു കേസ് രജിസ്റ്റർ ചെയ്യുമ്പോൾ, പ്രസക്തമായ ഇന്ത്യൻ നിയമങ്ങളെയും വിഭാഗങ്ങളെയും കുറിച്ച് സിസ്റ്റം തൽക്ഷണം പൊലീസിനെ അറിയിക്കും. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും. അതായത് മുമ്പ് മണിക്കൂറുകൾ എടുത്തിരുന്ന ജോലികൾ ഇപ്പോൾ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ വളരെ വേഗത്തിൽ ചെയ്തു തീർക്കും.
എന്തുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നത്?
2024-ൽ ഇന്ത്യയിൽ 3.6 ദശലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ തട്ടിപ്പുകളാണ് ഏറ്റവും സാധാരണമായത്. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാക്രൈംഒഎസ് പ്രഖ്യാപനത്തെ സംസ്ഥാനത്തിന് ഒരു നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായാണ് നിലവിൽ ഈ സംരംഭം ആരംഭിച്ചതെങ്കിലും ഭാവിയിൽ ഇത് മറ്റ് ഭരണ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമാക്കി