ബെംഗളൂരുവിൽ  ആശുപത്രിയിൽ ഇൻസ്റ്റഗ്രാം റീൽസ്;  മെഡിക്കൽ വിദ്യാർഥികൾക്കെതിരേ നടപടി

ആശുപത്രിയില്‍നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിന്  38  മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ചട്ടങ്ങള്‍ ലംഘിച്ചതിന്  കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
 

ബെംഗളൂരു: ആശുപത്രിയില്‍നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിന്  38  മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ചട്ടങ്ങള്‍ ലംഘിച്ചതിന്  കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ആശുപത്രി ഇവരുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി കോളേജ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞദിവസങ്ങളിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് മാനേജ്‌മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.

''38 വിദ്യാര്‍ഥികളാണ് ചട്ടങ്ങള്‍ ലംഘിച്ച് ആശുപത്രിക്കുള്ളില്‍നിന്ന് വീഡിയോ ചിത്രീകരിച്ചത്. ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇത് ഗുരുതരമായ തെറ്റാണ്. രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി അവര്‍ ഇതെല്ലാം ആശുപത്രിക്ക് പുറത്തുവെച്ച് ചെയ്യണമായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും അനുമതി നല്‍കിയിട്ടില്ല. പത്തോ ഇരുപതോ ദിവസത്തിനുള്ളില്‍ അവരുടെ ഹൗസ്മാന്‍ഷിപ്പ് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, ഈ സംഭവത്തിന്‍റെ പശ്ചാലത്തലത്തില്‍ അത് പത്തുദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്'', കോളേജ് ഡയറക്ടറായ ഡോ. ബാസവരാജ് ബൊമ്മനഹള്ളി പ്രതികരിച്ചു.