ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ വാലറ്റം റണ്‍വേയില്‍ ഉരഞ്ഞു; യാത്രക്കാര്‍ സുരക്ഷിതര്‍

ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന വിമാനത്തിലെ 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 

ലാന്‍ഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാല് ഭാഗം റണ്‍വേയില്‍ തട്ടുന്നതിനെയാണ് ടെയില്‍ സ്‌ട്രൈക്ക് എന്ന് പറയുന്നത്

ലാന്‍ഡിങിനിടെ ഇന്‍ഡിഗോ വിമാനത്തിന് ടെയില്‍ സ്‌ട്രൈക്ക്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാല് ഭാഗം റണ്‍വേയില്‍ തട്ടുന്നതിനെയാണ് ടെയില്‍ സ്‌ട്രൈക്ക് എന്ന് പറയുന്നത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ലാന്‍ഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്, വീണ്ടും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത്. ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന വിമാനത്തിലെ 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.


മോശം കാലാവസ്ഥ കാരണം ലാന്‍ഡിംഗിനിടെ വിമാനത്തിന് അസാധാരണമായ റണ്‍വേ കോണ്‍ടാക്റ്റ് ഉണ്ടായതായി ഇന്‍ഡിഗോ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പാലിച്ചാണ് വിമാനം ഇറക്കിയതെന്നും അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി എയര്‍ബസ് A321 നിയോ വിമാനം താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്.