യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഇൻഡിഗോ  കമ്പനി മറുപടി പറയേണ്ടി വരും ; വ്യോമയാന സഹമന്ത്രി

ഇൻഡിഗോയുടെ തുടർച്ചയായ പ്രവർത്തന പ്രതിസന്ധിയിൽ യാത്രക്കാർ മാനസിക സംഘർഷത്തിനും ദുരിതത്തിനും ഇരയായിട്ടുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധൾ മോഹോൾ.

 

ന്യൂഡൽഹി : ഇൻഡിഗോയുടെ തുടർച്ചയായ പ്രവർത്തന പ്രതിസന്ധിയിൽ യാത്രക്കാർ മാനസിക സംഘർഷത്തിനും ദുരിതത്തിനും ഇരയായിട്ടുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധൾ മോഹോൾ. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് കമ്പനി​യെ ഉത്തരവാദിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇൻഡിഗോയുടെ 2,000 ത്തിലധികം സർവീസുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. പല സർവീസുകളും മണിക്കൂറുകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.

ഇതിന് പിന്നാലെ, വെള്ളിയാഴ്ച സംഭവം അന്വേഷിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ ശിപാർശ ​ചെയ്യുന്നതിനും ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നാലംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. ഇതിന് പുറമെ ശനിയാഴ്ച ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സിനും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിദ്രെ പോർക്വേരസിനും ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

എല്ലാ യാത്രക്കാരും മാനസിക ക്ലേശം അനുഭവിക്കുകയും ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് മൊഹോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യാത്രക്കാരനുഭവിച്ച മാനസിക പീഡനത്തിന് ഇൻഡിഗോ ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരും. നാല് അംഗ സമിതി റിപ്പോർട്ട് നൽകിയ ശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഇൻഡിഗോ ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അതാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത്. ഡി.ജി.സി.എയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കുകയും കൺട്രോൾ റൂം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാ എയർലൈൻ കമ്പനികൾക്കും ടിക്കറ്റ് നിരക്കിന് പരിധിയും ഏർപ്പെടുത്തി,’ മോഹോൾ പറഞ്ഞു.ടിക്കറ്റ് റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാർക്കും റീഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മൊഹോൾ പറഞ്ഞു.