ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍: വിമര്‍ശനവുമായി പ്രതിപക്ഷം

നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി 'സമ്പൂര്‍ണ അപമാനം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
 

വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷികമായ മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി 'സമ്പൂര്‍ണ അപമാനം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
രണ്ട് ദിവസങ്ങള്‍ക്കപ്പുറം മെയ് 30ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നടക്കാനിരിക്കെ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിന് ഈ ദിവസം തന്നെ തെരഞ്ഞെടുത്തത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍ വശത്തായിട്ടാണ് സവര്‍ക്കറുടെ ചിത്രം മോദി സര്‍ക്കാര്‍ സ്ഥാപിച്ചത്.

ജനാധിപത്യത്തെ കളിയാക്കുന്ന തരത്തില്‍ ഉദ്ഘാടനത്തിന് ഈ ദിനം തെരഞ്ഞെടുത്തത് അവിചാരിതമാണെന്ന് വിശ്വസിക്കുന്ന മൂഢരല്ല ജനങ്ങളെന്നും പ്രതികരണങ്ങളുണ്ട്.രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ ഒരു 'വെടിയുണ്ട' മാത്രമായിരുന്നെന്നും എന്നാല്‍ 'തോക്ക്' ആയി പ്രവര്‍ത്തിച്ചത് സവര്‍ക്കറായിരുന്നുവെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.