കാനഡയില്‍ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു: ആസൂത്രിത കൊലപാതകമെന്ന് സംശയം

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേല്‍ ബോളിവാർഡിലെ ഷോപ്പിംഗ് മാള്‍ പാർക്കിംഗില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്.

 

അജ്ഞാതരായ അക്രമികള്‍ കാറിന് നേരെ തുരതുരെ വെടിയുതിർത്തു. കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകള്‍ തുളച്ചുകയറിയ പാടുകളുണ്ട്.

ബെംഗളൂരു: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേല്‍ ബോളിവാർഡിലെ ഷോപ്പിംഗ് മാള്‍ പാർക്കിംഗില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് കനേഡിയൻ പൊലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ നാഷണല്‍ ഹൈവേ 27-ന് സമീപമുള്ള മാള്‍ പാർക്കിംഗില്‍ തന്റെ വെള്ള എസ്‌യുവി കാറില്‍ ഇരിക്കുകയായിരുന്നു ചന്ദൻ. ഈ സമയം അജ്ഞാതരായ അക്രമികള്‍ കാറിന് നേരെ തുരതുരെ വെടിയുതിർത്തു. കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകള്‍ തുളച്ചുകയറിയ പാടുകളുണ്ട്.

ഡ്രൈവർ സീറ്റിന് വശത്തെ ഗ്ലാസ് തകർത്താണ് വെടിയുണ്ടകള്‍ അകത്തേക്ക് കടന്നത്. അക്രമികള്‍ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ചന്ദനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴ് വർഷം മുൻപാണ് ചന്ദൻ ഐടി മേഖലയില്‍ ജോലിക്കായി കാനഡയിലെത്തിയത്. മികച്ച പ്രൊഫഷണല്‍ എന്നതിലുപരി ടൊറന്റോയിലെ കന്നഡ കമ്മ്യൂണിറ്റിയില്‍ സജീവമായിരുന്നു അദ്ദേഹം.

ടൊറന്റോ കന്നഡ സംഘത്തിന്റെ സോഷ്യല്‍ മീഡിയ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്ര ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചു. നെലാമംഗലയിലെ കുടുംബം കടുത്ത ആഘാതത്തിലാണ്.

ചന്ദൻ ടൊറന്റോയില്‍ പുതിയതായി ഒരു കന്നഡ സംഘടന തുടങ്ങാൻ മുൻകൈ എടുത്തിരുന്നതായും അതുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് പിതാവ് നന്ദകുമാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.