ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടമ്പകളേറെ
ഇനിമുതല്‍ വിദ്യാര്‍ത്ഥി വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പതിവിലധികം സമയം കാത്തിരിക്കേണ്ടിവരും എന്നതാണ് ഈ മാറ്റം മൂലമുണ്ടാകുന്ന പ്രശ്‌നം.
ഓസ്ട്രേലിയയില്‍ വിദ്യാഭ്യാസം ലഭിക്കാന്‍ പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മാറ്റം എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം
വിദ്യാര്‍ത്ഥി വിസ വിഭാഗത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തലവേദന ഉണ്ടാക്കിയേക്കാവുന്ന തീരുമാനവുമായി ഓസ്ട്രേലിയ. ഇന്ത്യയെ 'ഏറ്റവും അപകടസാധ്യതയുള്ള വിഭാഗത്തി'ലേക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാറ്റി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'എവിഡന്റ് ലെവല്‍ 2'ല്‍ നിന്ന് എവിഡന്റ് ലെവല്‍ 3ലേക്കാണ് ഇന്ത്യയെ മാറ്റിയത്. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.
ഓസ്ട്രേലിയയില്‍ വിദ്യാഭ്യാസം ലഭിക്കാന്‍ പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മാറ്റം എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വ്യാജ സാമ്പത്തിക, അക്കാദമിക് രേഖകള്‍ സമര്‍പ്പിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളാണ് ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കൂടുതലായും തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങള്‍ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഓസ്ട്രേലിയയിലേക്കാണ് ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എത്തുന്നത്. ഇതോടെയാണ് ഓസ്ട്രേലിയയും വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
2026 ജനുവരി 8 മുതല്‍ക്കാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇനിമുതല്‍ വിദ്യാര്‍ത്ഥി വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പതിവിലധികം സമയം കാത്തിരിക്കേണ്ടിവരും എന്നതാണ് ഈ മാറ്റം മൂലമുണ്ടാകുന്ന പ്രശ്‌നം. ഓരോ രേഖകളും സമയമെടുത്ത്, കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ അധികൃതര്‍ വിസ പ്രൊസസിങ് നടപടികളിലേക്ക് കടക്കുകയുള്ളൂ.
നേരിട്ടുള്ള പരിശോധനകള്‍, ബാങ്കിലേക്ക് നേരിട്ട് വിളിച്ചുള്ള പരിധോധനകള്‍ തുടങ്ങി വലിയ കടമ്പകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ചിലപ്പോള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയോ മറ്റോ ചെയ്‌തേക്കാം. പ്രൊസസിങ് സമയം മൂന്ന് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടേക്കാം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.