ഒമാന്‍ തീരത്ത് കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി എംബസി

പ്രാദേശിക സംഘര്‍ഷങ്ങളും മിസൈല്‍ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.

 

ജൂണ്‍ 11-നാണ് നിശാന്ത് കപ്പലില്‍ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്.

ഒമാന്‍ തീരത്ത് കപ്പലില്‍ വെച്ച് ഇന്ത്യന്‍ നാവികന്‍ മരണപ്പെട്ടതായി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിര്‍ത്തനാഥന്‍ (35) എന്ന നാവികനാണ് കപ്പലില്‍ വെച്ച് മരണപ്പെട്ടത്. 'എംടി സെലസ്റ്റിയല്‍' എന്ന ചരക്കുകപ്പലിലെ സെക്കന്‍ഡ് ഓഫീസറായിരുന്നു ഇദ്ദേഹം. മരണപ്പെട്ട നാവികന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഒമാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 11-നാണ് നിശാന്ത് കപ്പലില്‍ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത പ്രാദേശിക സംഘര്‍ഷങ്ങളും മിസൈല്‍ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.

മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ കപ്പലില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം ജീര്‍ണ്ണിക്കാന്‍ തുടങ്ങിയതായും കപ്പലിലെ ജീവനക്കാര്‍ ആശങ്ക പങ്കുവെച്ചു. ഒമാനിലെ ദുഖ്ം പോര്‍ട്ട് കണ്‍ട്രോളുമായി കപ്പലിന്റെ ക്യാപ്റ്റന്‍ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം സഹായം വൈകുകയായിരുന്നു.

കപ്പലിലെ സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരമറിഞ്ഞതിനെ തുടര്‍ന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ഒമാന്‍ നാവികസേനയുമായും തീരസംരക്ഷണ സേനയുമായും ഏകോപിച്ച് മൃതദേഹം കരയ്‌ക്കെത്തിക്കാനും നടപടി സ്വീകരിച്ചു.