ഇറ്റലിയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇന്ത്യാക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ഇതുവരെ മൃതദേഹം കാണാന്‍ പോലും തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അറസ്റ്റിലായി മൂന്നാം ദിവസമായ ജൂണ്‍ 23-നാണ് യുവാവ് മരിച്ചത്.
ഇറ്റലിയില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന 23 വയസുകാരനായ പഞ്ചാബി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ മിയാനി ഗ്രാമ സ്വദേശിയായ സുഖ്വിന്ദര്‍ സിംഗ് എന്ന സോനുവാണ് മരിച്ചത്. മരണത്തെക്കുറിച്ച് ഇറ്റാലിയന്‍ അധികൃതര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 21-നാണ് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസ് സുഖ്വിന്ദറിനെ അറസ്റ്റ് ചെയ്തത്. ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ച് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് മാറ്റി. അറസ്റ്റിലായി മൂന്നാം ദിവസമായ ജൂണ്‍ 23-നാണ് യുവാവ് മരിച്ചത്. ജയിലിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 24-നാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. മകന്‍ നിരപരാധിയാണെന്ന് സുഖ്വിന്ദറിന്റെ കുടുംബം ഉറപ്പിച്ചുപറയുന്നു. പാര്‍ക്കിലൂടെ നടന്നുപോകുമ്പോള്‍ സെല്‍ഫിയെടുക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്ത് അബദ്ധത്തില്‍ കൈ തട്ടിയതാണെന്നും, തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പരാതിയില്‍ കലാശിച്ചതെന്നും സുഖ്വിന്ദര്‍ ഫോണിലൂടെ അറിയിച്ചിരുന്നതായി കുടുംബം പറയുന്നു. ഇതുവരെ മൃതദേഹം കാണാന്‍ പോലും തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സമിതിയും രൂപീകരിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവാണ് മരണപ്പെട്ടത്. അഞ്ചര വര്‍ഷം മുന്‍പ് കുടുംബത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമായി 15 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് സുഖ്വിന്ദര്‍ ഇറ്റലിയിലേക്ക് പോയത്. രണ്ട് വര്‍ഷം മുന്‍പ് അമ്മ മരിച്ചപ്പോള്‍ പോലും ഇമിഗ്രേഷന്‍ നടപടികള്‍ കാരണം നാട്ടിലെത്താന്‍ സുഖ്വിന്ദറിന് കഴിഞ്ഞിരുന്നില്ല.