" 25 ശതമാനം താരിഫ് കൂടി ചുമത്തിയാൽ ഇന്ത്യൻ കമ്പനികൾക്ക് താങ്ങാൻ കഴിയില്ല" ; ട്രംപിൻറെ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് ശശി തരൂർ
ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് ശശി തരൂർ. ഒരു ഇന്ത്യൻ കമ്പനിക്കും 75 ശതമാനം താരിഫിൽ യു.സിലേക്ക് കയറ്റുമതി നടത്താൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു.
ന്യൂഡൽഹി: ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് ശശി തരൂർ. ഒരു ഇന്ത്യൻ കമ്പനിക്കും 75 ശതമാനം താരിഫിൽ യു.സിലേക്ക് കയറ്റുമതി നടത്താൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു. യു.എസ് 25 ശതമാനം താരിഫ് ചുമത്തിയപ്പോൾ തന്നെ തനിക്ക് ആശങ്ക ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഇന്ത്യയുടെ പ്രാദേശിക സാമ്പത്തിക എതിരാളികളായ രാഷ്ട്രങ്ങൾക്കുമേൽ 15നും 19 ശതമാനത്തിനും ഇടക്ക് താരിഫ് മാത്രമാണ് ചുമത്തിയിരുന്നത് എന്നതാണ് കാരണം.
"25 ശതമാനം താരിഫ് തന്നെ ഇന്ത്യയെ പ്രശ്നത്തിലാക്കി. റഷ്യൻ ഉപരോധത്തെ തുടർന്ന് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. ഇനി ഇറാനുമായുള്ള പ്രശ്നത്തിൻറെ പേരിൽ 25 ശതമാനം കൂടി താരിഫ് ഏർപ്പെടുത്തിയാൽ സ്ഥിതി കൂടുതൽ വഷളാവും." തരൂർ പറഞ്ഞു.
25 ശതമാനം താരിഫ് കൂടി ചുമത്തിയാൽ ഇന്ത്യക്ക് മരുന്ന് പോലുള്ള ഉൽപ്പന്നങ്ങൾ മാത്രമേ യു.എസിൽ ഇറക്കുമതി ചെയ്യാൻ കഴിയൂ എന്നും അത് പ്രശ്നം വഷളാക്കുമെന്നും ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. യു.എസുമായുള്ള വ്യാപാര കരാറിൽ പുതിയ യു.എസ് അംബാസിഡറിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.