എണ്ണ ക്ഷാമത്തിന് പരിഹാരം ? ഇറാന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ഇറാനിയന്‍ എണ്ണ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിയന്‍ അസംസ്‌കൃത എണ്ണ വാങ്ങല്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ പദ്ധതിയിടുന്നതായാണ് വിവരം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്ന പശ്ചാത്തലത്തില്‍ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നടപടി. ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ഇറാനിയന്‍ എണ്ണ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനികള്‍. നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം പൂര്‍ണമായി തടയാന്‍ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.
വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി അമേരിക്കയുടെ ദീര്‍ഘകാല നയത്തില്‍ മാറ്റം വരുത്തി നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണ വില്‍ക്കാന്‍ അനുവാദം നല്‍കിയത്. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം ഇറാന്‍ തടയുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഇളവ് അനുവദിച്ചത്.
സമാനമായ ഇളവ് ലഭിച്ചതിന് ശേഷമാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലെ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങാനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.