മാനവികതയ്ക്കായുള്ള നിസ്വാര്‍ത്ഥ സേവനത്തിലൂടെ വിശ്വഗുരുവായാണ് ഇന്ത്യ നിലകൊള്ളുന്നത് ; യുദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ചരിത്രപരമായി ഇന്ത്യ എപ്പോഴും അഭയം നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ ഭഗവത്
'ഹിന്ദു' എന്ന പദം ഒരു പ്രത്യേക ഭാഷയിലോ ആരാധനാ രീതിയിലോ ഒതുങ്ങുന്ന ഒന്നല്ലെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി.
ഇന്ത്യയുടെ പാരമ്പര്യം ഒരിക്കലും മറ്റ് രാജ്യങ്ങളെ കീഴടക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതായിരുന്നില്ല.
ലോകത്തിന് മുന്നില്‍ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാര്‍ത്ഥ സേവനത്തിലൂടെ വിശ്വഗുരുവായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ചരിത്രപരമായി ഇന്ത്യ എപ്പോഴും അഭയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് അഭയാര്‍ത്ഥികള്‍ക്ക് ജാംനഗര്‍ മഹാരാജാവ് സംരക്ഷണം നല്‍കിയ ചരിത്രം മുതല്‍, പശ്ചിമേഷ്യയിലെ യുദ്ധസമയത്ത് സ്വന്തം പൗരന്മാര്‍ക്ക് പുറമെ മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചതുവരെ ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയുടെ പാരമ്പര്യം ഒരിക്കലും മറ്റ് രാജ്യങ്ങളെ കീഴടക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതായിരുന്നില്ല. നമ്മുടെ പൂര്‍വ്വികര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചത് ആസ്‌ട്രോണമി, ആയുര്‍വേദം, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനാണ്. ഏത് രാജ്യത്തുള്ളവര്‍ക്കും പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ ഇന്ത്യ ആശ്വാസ കേന്ദ്രമായി മാറി. 'ഹിന്ദു' എന്ന പദം ഒരു പ്രത്യേക ഭാഷയിലോ ആരാധനാ രീതിയിലോ ഒതുങ്ങുന്ന ഒന്നല്ലെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് ഇന്ത്യയുടെ രീതി. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന 'വസുധൈവ കുടുംബകം' എന്ന ആശയമാണ് ഭാരതത്തിന്റേതെന്നും, ഈ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ മാതൃകയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.