മുസ്ലീം വോട്ടര്‍മാരെ ഇന്ത്യ വന്‍തോതില്‍ ഒഴിവാക്കി ; പ്രത്യേകം സൂക്ഷിക്കേണ്ട രാജ്യമെന്ന് യുഎസ് സമിതി 

നവംബര്‍ 19ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സമിതി അധ്യക്ഷന്‍ ആസിഫ് മഹ്‌മൂദ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു

 

എസ്ഐആര്‍ വഴി മുസ്ലിം പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും വിദേശികളെന്ന് മുദ്രകുത്തുകയും നാടുകടത്തുകയും ചെയ്യുന്നുവെന്നാണ് സമിതിയുടെ ആരോപണം.

ഇന്ത്യയിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ഒഴിവാക്കുകയാണെന്ന് ആരോപിച്ച് യുഎസ് മതസ്വാതന്ത്ര്യ സമിതി . രാജ്യവ്യാപകമായി നടക്കുന്ന പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്ഐആര്‍ വഴി മുസ്ലിം പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും വിദേശികളെന്ന് മുദ്രകുത്തുകയും നാടുകടത്തുകയും ചെയ്യുന്നുവെന്നാണ് സമിതിയുടെ ആരോപണം.

നവംബര്‍ 19ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സമിതി അധ്യക്ഷന്‍ ആസിഫ് മഹ്‌മൂദ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടര്‍ പട്ടിക നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 13 കോടി പേരുകളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ പരിശോധനയ്ക്കുശേഷം ഒഴിവാക്കിയ 27 ലക്ഷം പേരില്‍ ഏകദേശം 70 ശതമാനവും മുസ്ലിംകളാണെന്നാണ് സബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

അതേസമയം, മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടവോട്ടര്‍മാര്‍, വോട്ടവകാശത്തിന് അര്‍ഹതയില്ലാത്തവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. തെറ്റായി പേര് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

യുഎസ് സമിതി ഇന്ത്യയെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയായ 'കണ്‍ട്രി ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമിതിയുടെ ശുപാര്‍ശകള്‍ നിര്‍ബന്ധിതമല്ല. നേരത്തെയും യുഎസ് സമിതിയുടെ റിപ്പോര്‍ട്ടുകളെ ഇന്ത്യ പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമെന്ന് വിശേഷിപ്പിച്ച് തള്ളിയിരുന്നു.