സൗദിയിലെ ഊർജ ഉൽപാദക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ അലപിച്ച് ഇന്ത്യ
ന്യൂഡൽഹി : സൗദി അറേബ്യയിലെ ഊർജ ഉൽപാദക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ അലപിച്ച് ഇന്ത്യ. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷ ദുർബലപ്പെടുത്തുമെന്നും ബാബുൽ മന്ദബ് കടലിടുക്കിലെ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
‘പരമാധികാര രാജ്യമായ സൗദിക്കുനേരെയുള്ള, പ്രത്യേകിച്ച് സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുന്നു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും ബാബുൽ മന്ദബ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്തത് അംഗീകരിക്കാനാവില്ല’ -ജയ്സ്വാൾ വ്യക്തമാക്കി. പാകിസ്താൻ, തുർക്കിയ ഉൾപ്പെടെയുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു.
സൗദിയുടെ വിവിധ നഗരങ്ങളിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പൗരന്മാർക്ക് പരിക്കേറ്റിരുന്നു. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർകി അൽ മാലികി പ്രസ്താവനയിൽ പറഞ്ഞു. അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. എന്നാൽ, ആക്രമണങ്ങൾ എപ്പോഴാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സൗദിയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് അൽ മാലികി വിശേഷിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീഷണിയുടെ ഉറവിടങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സഖ്യസേന ആവശ്യമായ എല്ലാ പ്രവർത്തനപരമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.