അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും   

 

 ന്യൂഡൽഹി: ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സാഹചര്യം വിലയിരുത്തി ഇന്ത്യയും ചൈനയും. നിയന്ത്രണരേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തെറ്റിധാരണകൾ ഒഴിവാക്കുന്നതിനുമായി നിലവിലുള്ള നയതന്ത്ര-സൈനിക മാർഗ്ഗങ്ങൾ തുടർന്നും ഉപയോഗിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. അതിർത്തി നിർണ്ണയം, അതിർത്തി മാനേജ്മെന്റ്, അതിർത്തി കടന്നുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.

ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള കൂടിയാലോചനകളുടെയും ഏകോപനത്തിന്റെയും വർക്കിങ് മെക്കാനിസത്തിന്റെ (ഡബ്ല്യൂ.എം.സി.സി) 36-ാമത് യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷ് ഇന്ത്യൻ സംഘത്തെ ​പ്രതിനിധീകരിച്ചും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ബൗണ്ടറി ആൻഡ് ഒഷ്യാനിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഹൗ യാൻകച്‍യും ചർച്ചക്ക് നേതൃത്വം നൽകി.

അതിർത്തിയിലെ തെറ്റിദ്ധാരണകളും കണക്കുകൂട്ടലുകളിലെ പിഴവുകളും ഒഴിവാക്കുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഡബ്ല്യു.എം.സി.സി, ലോക്കൽ കമാൻഡർ തല യോഗങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ള നയതന്ത്ര, സൈനിക ചടവുകളും മാർഗ്ഗങ്ങളും തുടർന്നും ഉപയോഗിക്കാൻ ഇരുപക്ഷവും തമ്മിൽ ധാരണയായി. പ്രത്യേക പ്രതിനിധികളുടെ ചർച്ചകൾക്ക് ശേഷമുള്ള തുടർനടപടികളുടെ ഭാഗമായി അതിർത്തി നിർണ്ണയം, അതിർത്തി മാനേജ്മെന്റ്, ഇൻസ്റ്റിറ്റ്യൂഷണൽ മെക്കാനിസങ്ങൾ, ട്രാൻസ്-ബോർഡർ സഹകരണം എന്നിവയെക്കുറിച്ച് ഇരുരാജ്യങ്ങളും വിശദമായ ആശയവിനിമയം നടത്തി.