ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സഖ്യ കക്ഷികള്‍

ഇടതുപാര്‍ട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.

 


സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.

ദില്ലിയില്‍ നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഇതോടെ പ്രതിപക്ഷ നിരയിലെ ആഭ്യന്തര ഭിന്നതകള്‍ പുറത്തായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും കോണ്‍ഗ്രസ് നേതാക്കളുടെ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ സഖ്യകക്ഷികള്‍ കടന്നാക്രമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും സഖ്യകക്ഷികള്‍ ആരോപിച്ചു.


സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇടതുപാര്‍ട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. വര്‍ഷത്തിലൊരിക്കല്‍ മാത്രം യോഗം ചേരുന്ന രീതി ഫലപ്രദമല്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ സഖ്യം ശക്തമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും തനിക്ക് കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇനി മുതല്‍ രണ്ട് മാസത്തിലൊരിക്കല്‍ ഇന്‍ഡ്യാ സഖ്യം യോഗം ചേരാന്‍ തീരുമാനിച്ചു. അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ വെച്ച് നടക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലും സംയുക്ത നീക്കങ്ങള്‍ ഉണ്ടാകും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാന്‍ സഖ്യം തീരുമാനിച്ചു.