ഒ.ബി.സി ക്രീമിലെയറിന് വരുമാനം മാത്രമല്ല മാനദണ്ഡം : സുപ്രീംകോടതി 

 മാതാപിതാക്കളുടെ വരുമാനം മാത്രം നോക്കി ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ മാനദണ്ഡം നിർണയിക്കാനോ, അപേക്ഷകരെ ഒഴിവാക്കാനോ പാടില്ലെന്ന് സുപ്രീംകോടതി. അവരുടെ ജോലിയുടെ തരവും വിഭാഗവും കണക്കിലെടുക്കണം. വരുമാനവും സ്വത്തുമൊക്കെ അധിക മാനദണ്ഡമായി കണക്കാക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
 

 ന്യൂഡൽഹി : മാതാപിതാക്കളുടെ വരുമാനം മാത്രം നോക്കി ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ മാനദണ്ഡം നിർണയിക്കാനോ, അപേക്ഷകരെ ഒഴിവാക്കാനോ പാടില്ലെന്ന് സുപ്രീംകോടതി. അവരുടെ ജോലിയുടെ തരവും വിഭാഗവും കണക്കിലെടുക്കണം. വരുമാനവും സ്വത്തുമൊക്കെ അധിക മാനദണ്ഡമായി കണക്കാക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഒ.ബി.സി വിഭാഗം അപേക്ഷകരുടെ ക്രീമിലെയർ നില നിർണയിക്കാൻ സമ്പത്ത് അല്ലെങ്കിൽ വരുമാനം എങ്ങനെ കണക്കാക്കണമെന്നതിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആശയക്കുഴപ്പത്തിനാണ് വിധിയിലൂടെ സുപ്രീംകോടതി വിരാമമിട്ടിരിക്കുന്നത്. ഇത് മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമാക്കി തീരുമാനിക്കാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. മാതാപിതാക്കളുടെ വാർഷിക ശമ്പള പരിധി എട്ടു ലക്ഷം കടന്നതിന് മുമ്പ് ഒഴിവാക്കിയിരുന്ന ചില പൊതു മേഖലാ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മക്കൾക്കും ഇനി സംവരണത്തിന് അർഹതയുണ്ടായേക്കും.

ക്രീമിലെയർ ഒഴിവാക്കാനുള്ള മാനദണ്ഡം വരുമാനത്തെ മാത്രം അടിസ്ഥാനമാക്കിയതല്ല; മറിച്ച്, സാമൂഹിക സ്ഥിതിയെയും അധികാര സ്ഥാനത്തെയും അടിസ്ഥാനമാക്കിയാണ്. 1993ൽ ഒ.ബി.സി സംവരണം നടപ്പാക്കിയപ്പോൾ, വർഷങ്ങളായി ചില സാമൂഹിക-സാമ്പത്തിക ആനുകൂല്യങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളെ സംവരണത്തിൽനിന്ന് ഒഴിവാക്കാൻ ‘ക്രീമിലെയർ’ ആശയം കൊണ്ടുവന്നു. ഇതോടെ ‘നോൺ-ക്രീമിലെയർ’ വിഭാഗത്തിൽപ്പെടുന്നവർക്കേ സംവരണം ലഭിക്കൂ.

1993ൽ സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരം, ഭരണഘടനാപദവികളിലുള്ളവരുടെ മക്കൾ, കേന്ദ്ര, സംസ്ഥാന സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മക്കൾ, സായുധസേനയിലെ ചില വിഭാഗങ്ങൾ, വലിയ സ്വത്തുള്ളവർ തുടങ്ങിയ വിവിധ വിഭാഗങ്ങളെ സംവരണത്തിന് അർഹരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, എം.പി, എം.എൽ.എമാരുടെ മക്കൾ, ഉയർന്ന പദവികളിലേക്ക് പ്രമോഷനിലൂടെ എത്തിയ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ തുടങ്ങിയ മറ്റു ചിലർക്ക് ഇളവുകളും നൽകിയിരുന്നു.

ഇവർക്ക് എട്ടുലക്ഷം പരിധി അടിസ്ഥാനമാക്കി സംവരണം നൽകാമെന്നായിരുന്നു ഉത്തരവ്. എന്നാൽ, പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാരുടെ കാര്യത്തിൽ വരുമാനമോ സ്വത്തോ മാത്രമായിരിക്കും മാനദണ്ഡമെന്ന് 2004ൽ സർക്കാർ വിശദീകരണ കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് തള്ളിക്കൊണ്ടാണ്, പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരുടെ മക്കളെ അവരുടെ രക്ഷിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി സംവരണത്തിൽനിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞത്.