12 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ വെറും മുദ്രാവാക്യങ്ങള്‍ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല ; വിമര്‍ശനവുമായി ഖാര്‍ഗെ

പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയുടെ വലയില്‍ രാജ്യത്തെ ജനങ്ങളെ അവര്‍ തളച്ചിരിക്കുകയാണ്.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് പറഞ്ഞ ഖാര്‍ഗെ, 12 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ വെറും മുദ്രാവാക്യങ്ങള്‍ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോര്‍ഡ് ബിജെപി ആഘോഷമാക്കുന്നതിനിടെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതും അദ്ദേഹം തന്നെ. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ആരാണെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ ബിജെപിക്ക് പരിഹാസ്യമായ പുതിയൊരു വിഭാഗം തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു.

'ആരുടെ മന്ത്രിസഭയിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉപപ്രധാനമന്ത്രിയായിരുന്നത്? ആരുടെ മന്ത്രിസഭയിലാണ് ഡോ. ബി ആര്‍ അംബേദ്കര്‍ നിയമമന്ത്രിയായിരുന്നത്? ആരുടെ മന്ത്രിസഭയിലാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്?' - ഖാര്‍ഗെ ചോദിച്ചു.
12 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ വെറും മുദ്രാവാക്യങ്ങള്‍ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയുടെ വലയില്‍ രാജ്യത്തെ ജനങ്ങളെ അവര്‍ തളച്ചിരിക്കുകയാണ്. എല്ലാ മേഖലകളിലും വെറും പ്രചരണങ്ങളും പരാജയവും ജനങ്ങളോടുള്ള വഞ്ചനയും മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ നേട്ടങ്ങളുടെ പേരില്‍ ഈ സര്‍ക്കാരിന് ബാക്കിയുള്ളത് ഇവന്റ് മാനേജ്മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.