അസമില്‍ ഹിന്ദു ദമ്പതികള്‍ ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കണം; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ

 

മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന.

 

മതന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളില്‍ ജനനനിരക്ക് അനുപാതം കൂടുതലാണ്. ഹിന്ദുക്കളില്‍ ജനനനിരക്ക് അനുപാതം കുറയുന്നു

വീണ്ടും വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ ഹിന്ദു ദമ്പതികള്‍ ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു ഇത്തവണ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആവശ്യം. മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന.

മതന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളില്‍ ജനനനിരക്ക് അനുപാതം കൂടുതലാണ്. ഹിന്ദുക്കളില്‍ ജനനനിരക്ക് അനുപാതം കുറയുന്നു. ഇതില്‍ ഒരു വ്യത്യാസമുണ്ടെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം. ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന അഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍ ഇതാണെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. 'മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കാന്‍ കഴിയുന്നവര്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുതെന്നും കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നും ഞങ്ങള്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മുസ്ലീങ്ങളോട് ഏഴ് മുതല്‍ എട്ട് വരെ കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ഹിന്ദുക്കളുടെ വീട് നോക്കാന്‍ ആരുമുണ്ടാകില്ല' എന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.