14ാം നിലയില്‍ നിന്ന് വീണാല്‍ പല്ലുകള്‍ മാത്രമേ തകരുകയുള്ളോ?'; നടന്‍ സുശാന്തിന്റെ മുന്‍ മാനേജരുടെ മരണത്തില്‍ കോടതി

യുവതിക്ക് മുഖത്തും തലയോട്ടിക്കും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹൈര്‍ മറുപടി നല്‍കി.

 

ശരീരത്തില്‍ ഉണ്ടായിരുന്ന രക്തക്കറ, പരിക്കുകളുടെ രീതി എന്നിവയൊന്നും എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജരുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. അന്വേഷണത്തില്‍ ഉണ്ടായ ഓരോ പോരായ്മകളും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. 2020 ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മാനേജരായിരുന്ന ദിശ സാലിയാന്‍ മുംബൈയിലെ മലാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിച്ചത്.

പതിനാലാം നിലയില്‍ നിന്ന് വീണിട്ടും ഒരാളുടെ പല്ലുകള്‍ മാത്രമേ തകരുകയുള്ളോ എന്നാണ് കോടതി ആദ്യം ഉന്നയിച്ച ചോദ്യം. ശരീരത്തില്‍ ഉണ്ടായിരുന്ന രക്തക്കറ, പരിക്കുകളുടെ രീതി എന്നിവയൊന്നും എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത്രയും ഉയരത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് പതിച്ചാല്‍ തലയോട്ടിക്ക് ഒരു പരിക്കും ഏല്‍ക്കാതെ പല്ലുമാത്രം തകരാന്‍ കാരണമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു

അതേസമയം യുവതിക്ക് മുഖത്തും തലയോട്ടിക്കും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹൈര്‍ മറുപടി നല്‍കി. വീഴ്ചയില്‍ ശരീരത്തിലെവിടെയാണോ ആഘാതമുണ്ടാകുന്നത് അതിനെ ആശ്രയിച്ചാകും രക്തസ്രാവം ഉണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, മണ്‍സൂണ്‍ കാലമായതിനാല്‍ ശക്തമായ മഴമൂലം തളംകെട്ടിയ രക്തം ഒലിച്ച് പോയിട്ടുണ്ടാകാമെന്നും അദ്ദേഹം വാദിച്ചു. ഉടനടി തന്നെ കോടതി ഇടപെട്ട് പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. യുവതിയുടെ മരണം സംഭവിച്ച് ആറര മണിക്കൂറിന് ശേഷമാണ് മഴ പെയ്തതെന്നും കൃത്യമായി മഴ പെയ്ത സമയം രാവിലെ 9.40ഓടെയാണെന്നും കോടതി പറഞ്ഞു. അതേസമയം തന്നെ യുവതിയുടെ വസ്ത്രവുമായി ബന്ധപ്പെട്ടും വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്റെ മഹ്സറിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും യുവതിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെന്ന് സൂചിപ്പിക്കുമ്പോള്‍ ആശുപത്രിയിലെയും മോര്‍ച്ചറിയിലെയും ചിത്രങ്ങളില്‍ വസ്ത്രമുണ്ടെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പെട്ടെന്ന് ഒരു നിഗമനത്തില്‍ എത്തിച്ചേരാനല്ല ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.