ഞങ്ങളെ പാറ്റകള്‍ എന്ന് വിളിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു ; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദിയെന്ന് അഭിജിത്ത് ദീപ്‌കെ
തൊഴിലില്ലാത്ത ചില യുവാക്കള്‍ പാറ്റകളെപ്പോലെയാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്
ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല,
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. ജന്തര്‍ മന്ദറിലെ സമരവേദിയില്‍ പ്രസംഗിക്കവെയാണ്, ഇന്ത്യയിലെ പരമോന്നത ന്യായാധിപന്റെ വിവാദ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ദീപ്‌കെ ഈ പ്രതികരണം നടത്തിയത്. 'ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകള്‍ എന്ന് വിളിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു, ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല, അണികളെ അഭിസംബോധന ചെയ്തുകൊണ്ട് അഭിജിത്ത് ദീപ്‌കെ പറഞ്ഞു. മേയ് 15-ന് മുതിര്‍ന്ന അഭിഭാഷകരുടെ പദവിയുമായി ബന്ധപ്പെട്ട ഒരു സുപ്രീം കോടതി വിചാരണയ്ക്കിടെ, തൊഴിലില്ലാത്ത ചില യുവാക്കള്‍ പാറ്റകളെപ്പോലെയാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാല്‍ പിന്നീട് താന്‍ വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് സംസാരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന, ബോസ്റ്റണിലെ വിദ്യാര്‍ത്ഥിയായിരുന്ന ദീപ്‌കെ മേയ് 16-ന് എക്‌സില്‍ കുറിച്ച പരിഹാസ രൂപേണയുള്ള കുറിപ്പിലൂടെയാണ് സിജെപിയുടെ ജനനം. തൊഴിലില്ലാത്തവരും, മടിയന്മാരും, എപ്പോഴും ഓണ്‍ലൈനില്‍ ഇരിക്കുന്നവരുമായ എല്ലാവര്‍ക്കും വേണ്ടിയുള്ള പ്ലാറ്റ്ഫോം എന്ന നിലയിലായിരുന്നു ഇത് അവതരിപ്പിച്ചത്. തുടര്‍ന്ന് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ത്ഥി രോഷം ഉയര്‍ന്നതോടെ ജൂണ്‍ ആദ്യം ദീപ്‌കെ ഇന്ത്യയിലെത്തി ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചു. ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ അവസാനിച്ചിരിക്കുകയാണ് സമരം.