എഥനോള്‍ ചേര്‍ത്ത 'ഇ20' പെട്രോള്‍ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂവെന്ന് മന്ത്രി ; ആറു പേരെ മന്ത്രിക്ക് മുന്നില്‍ ഹാജരാക്കാമെന്ന് പ്രതിഷേധക്കാര്‍
കഴിഞ്ഞ ദിവസമാണ് ഇ20 പെട്രോളിനെ വിമര്‍ശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിന്റെ തേയ്മാനത്തിനും കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് പരാതി.
എഥനോള്‍ ചേര്‍ത്ത 'ഇ20' പെട്രോള്‍ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാര്‍ രംഗത്ത്. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നില്‍ ഹാജരാക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവര്‍ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരില്‍ ഇ20 ഇന്ധനത്തിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്സീന്‍ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ20 പെട്രോളിനെ വിമര്‍ശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിന്റെ തേയ്മാനത്തിനും കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് പരാതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വാദങ്ങള്‍ തള്ളിക്കളയുകയും ഇ20 സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും വിമര്‍ശനം തുടരുകയാണ്. ഇ20 ഇന്ധനം മൂലം തകരാറിലായ വാഹനങ്ങളുടെ ഉടമകളുമായി ഗഡ്കരിയുടെ വസതിയിലേക്ക് പോകാനാണ് താന്‍ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് തഹ്‌സീന്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ വീട്ടിലേക്ക് പോകരുതെന്ന് ദില്ലി പൊലീസ് തന്നോട് ആവശ്യപ്പെട്ടതായി തഹ്‌സീന്‍ പറഞ്ഞു.