അനുവാദമില്ലാതെ കൈപിടിക്കുന്നതും ‘ഐ ലവ് യു’ പറയുന്നതും സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് : ഛത്തീസ്ഗഡ് ഹൈകോടതി
അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും വലിച്ചടുപ്പിക്കുന്നതും ‘ഐ ലവ് യു’ എന്ന് പറയുന്നതും സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഛത്തീസ്ഗഡ് ഹൈകോടതി.
റായ്പുർ: അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും വലിച്ചടുപ്പിക്കുന്നതും ‘ഐ ലവ് യു’ എന്ന് പറയുന്നതും സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. സ്‌കൂൾ വിട്ട് വരുമ്പോൾ പരാതിക്കാരിയായ പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ചടുപ്പ് ഐ ലവ് യു പറഞ്ഞതിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച യുവാവിൻറെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഐ.പി.സിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 2022ലാണ് യുവാവിന് വിചാരണ കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 19 വയസ്സായിരുന്നു.
പ്രതിയുടെ പെരുമാറ്റം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവംശി പറഞ്ഞു. ഇത് ഐ.പി.സി സെക്ഷൻ 354 പ്രകാരമുള്ള കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിയ ഹൈകോടതി, വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ പോക്സോ വകുപ്പുകൾ ഒഴിവാക്കി. പ്രതിയുടെ അന്നത്തെ പ്രായം പരിഗണിച്ച് ശിക്ഷാ കാലയളവ് ഒരു വർഷമായി കുറക്കുന്നുവെന്നും കോടതി അറിയിച്ചു. നിലവിൽ ജാമ്യത്തിലിറങ്ങിയ പ്രതിയോട് കോടതിയിൽ കീഴടങ്ങാനും ശിക്ഷ പൂർത്തിയാക്കാനും നിർദ്ദേശിച്ചു.