മൈസൂരുവില്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍

മൈസൂരു കുവേംപു നഗറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഭാര്യ പിടിയിലായത്.

 

സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ സുശീലയാണ് സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ അന്‍പതുകാരനായ ഭര്‍ത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്.

മൈസൂരുവില്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ സുശീലയാണ് സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ അന്‍പതുകാരനായ ഭര്‍ത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്.

മൈസൂരു കുവേംപു നഗറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഭാര്യ പിടിയിലായത്. മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട്, സംസ്‌കാര ശ്രമങ്ങള്‍ക്കിടെ സഹോദരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് നിത്യാനന്ദയുടെ ഭാര്യ കൃത്യമായ ഉത്തരം നല്‍കാതെ വന്നതോടെ ഇയാള്‍ വിവരം പൊലീസിന് അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് സുശീല സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല സമ്മതിച്ചു.  

ഇതിന് ആണ്‍സുഹൃത്തായ ഹരിഷിന്റെയും അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കുവേംപു നഗര പൊലീസ് വ്യക്തമാക്കി.

10 വര്‍ഷം മുന്പ് വിവാഹിതരായ നിത്യാനന്ദയും സുശീലയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയും സുശീലയും ഹരീഷും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുമായിരുന്നു വഴക്ക്. ഇത്തരത്തില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സുശീല ഹരീഷിന്റെയും മറ്റ് മൂന്ന് പേരുടേയും സഹായത്തോടെ നിത്യാനന്ദയെ കൊലപ്പെടുത്തിയത്. അടുത്ത ദിവസം രാവിലെ നിത്യാനന്ദയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെ ഒരു സുഹൃത്ത് അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷമാണ് നിത്യാനന്ദയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ സുശീല മരണവിവരം അറിയിച്ചത് എന്നും സംശയത്തിന് കാരണമായി.