വിവാഹ മോചനത്തിന് സമ്മതിച്ചില്ല, ഭര്‍ത്താവിനെ വെടിവെച്ച് കൊന്നു; ഭാര്യയും കാമുകനും ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍
ബുധനാഴ്ച രാത്രിയാണ് സൗമ്യ രഞ്ജന്‍ സമാലിനെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
സൗമ്യ രഞ്ജന്‍ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടും വിവാഹമോചനത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ഒഡിഷയിലെ ജാജ്പുര്‍ സ്വദേശിയായ സൗമ്യ രഞ്ജന്‍ സമാലി(23)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശുഭശ്രീ ബെഹ്‌റ(23), കാമുകന്‍ തപന്‍ ഖില്ലാര്‍(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദര്‍ശിനി, തോക്ക് നിര്‍മിച്ചുനല്‍കിയ സുരാജ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സൗമ്യ രഞ്ജന്‍ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടും വിവാഹമോചനത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സൗമ്യ രഞ്ജന്‍ സമാലിനെ ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. റോഡില്‍വെച്ച് വെടിയേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തപന്‍ ഖില്ലാര്‍ ആണ് ബൈക്കിലെത്തിയ അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട സൗമ്യ രഞ്ജന്‍ സമാലിന്റെ ഭാര്യ ശുഭശ്രീ ബെഹ്‌റ നഗരത്തില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയാണ്. ഇതിനിടെ, സുഹൃത്തായ പ്രിതിപ്രവ പ്രിയദര്‍ശിനിയുടെ സഹോദരനായ തപന്‍ ഖില്ലാറുമായി ശുഭശ്രീ അടുപ്പത്തിലായി. കഴിഞ്ഞമാസം തപന്‍ ഖില്ലാര്‍ ശുഭശ്രീയോട് വിവാഹാഭ്യര്‍ഥന നടത്തി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി വിവാഹം കഴിക്കാമെന്നായിരുന്നു ഇവരുടെ തീരുമാനം. ഇതനുസരിച്ച് ശുഭശ്രീ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും സൗമ്യ രഞ്ജന്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
ഡ്രൈവറായി ജോലിചെയ്യുന്ന തപന്‍ ഖില്ലാര്‍ തോക്ക് നിര്‍മിച്ചുനല്‍കുന്ന സുരാജിനെയും അങ്കിതിനെയും ബന്ധപ്പെട്ടു. തുടര്‍ന്ന് തോക്കിനായുള്ള 49,000 രൂപ തപന്റെ സഹോദരി ഇവര്‍ക്ക് അയച്ചുനല്‍കി. അങ്കിതും സുരാജും കൈമാറിയ നാടന്‍ത്തോക്ക് ഉപയോഗിച്ചാണ് തപന്‍ ഖില്ലാര്‍ സൗമ്യ രഞ്ജനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം നഗരത്തിലെ മെഡിക്കല്‍ കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ തോക്ക് ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ബൈക്കും ഇവരുടെ മൊബൈല്‍ഫോണുകളും പൊലീസ് പിടിച്ചെടുത്തു.