ഒരു മാസം മുമ്പ് വിവാഹം ; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ ; റൂമില്‍ കിടന്ന ഭാര്യ അറിഞ്ഞില്ല ; ദുരൂഹതയെന്ന് കുടുംബം

യുവാവിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി

 

ഫൈസാന്റെ വിവാഹത്തില്‍ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള അകല്‍ച്ച ഫൈസാനില്‍ വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു എന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിബി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാടക വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവാഡിയ സ്വദേശിയായ ഫൈസാനാണ് (28)മരിച്ചത്. ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഫൈസാന്റെ വിവാഹം നടന്നത്.
ഫൈസാനും ഭാര്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍ പോയി. രാവിലെ ഭാര്യ ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ അതേ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ഫൈസാനെ കണ്ടെത്തുകയായിരുന്നു.


തുടര്‍ന്ന് യുവതി ഭര്‍തൃ വീട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു. ഫൈസാന്റെ വിവാഹത്തില്‍ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള അകല്‍ച്ച ഫൈസാനില്‍ വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു എന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.


എന്നാല്‍ യുവാവിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി. ഫൈസാന്റെ തലയില്‍ നിന്ന് രക്തം ഒലിച്ചിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും കുടുംബം പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.