പൂജയുടെ ഭാഗമായി ഒരു മണിക്കൂര്‍ മരത്തെ വലംവെക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവിനേയും മകനേയും പുറത്താക്കി  യുവതിയെ പീഡിപ്പിച്ചു ;  ജോത്സ്യന്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചത്.

 

ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതി നല്‍കിയത്.

കര്‍ണാടകയില്‍ ചന്നമനക്കരെയില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍. മോഹന്‍കുമാര്‍ (38) ആണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചത്.

ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതി നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി പൂജചെയ്യാം എന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തിയത്. പൂജയ്ക്കിടയില്‍ യുവതിയുടെ മകനേയും ഭര്‍ത്താവിനേയും പുറത്തേക്ക് പറഞ്ഞയക്കുകയും യുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എതിര്‍ത്തപ്പോള്‍ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി ഒരു മണിക്കൂര്‍ മരത്തെ വലംവെക്കണം എന്നാവശ്യപ്പെട്ടാണ് ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവിനേയും മകനേയും ഇയാള്‍ പുറത്തേക്ക് പറഞ്ഞുവിട്ടത്. സംഭവത്തിന് പിന്നാലെ മാനസികമായി തകര്‍ന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീടാണ് വിവരം പുറത്തു പറയുകയും പരാതി നല്‍കുകയും ചെയ്തത്.