ഭാര്യ കൂടുതൽ വരുമാനം സമ്പാദിക്കുന്നുണ്ടെങ്കിൽ ഭർത്താവ് ജീവനാംശം നൽകേണ്ടതില്ല : കർണാടക ഹൈകോടതി

ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം നേടുകയും മറ്റ് ആശ്രിതർ ഇല്ലാത്തതുമാണെങ്കിൽ ഭർത്താവ് ജീവനാംശം നൽകാൻ നിർബന്ധിതനല്ലെന്ന് കർണാടക ഹൈകോടതി.

 

 ബംഗളൂരു: ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം നേടുകയും മറ്റ് ആശ്രിതർ ഇല്ലാത്തതുമാണെങ്കിൽ ഭർത്താവ് ജീവനാംശം നൽകാൻ നിർബന്ധിതനല്ലെന്ന് കർണാടക ഹൈകോടതി. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് പ്രതിമാസ ജീവനാംശം നൽകാൻ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹരജി ഹൈകോടതി അനുവദിച്ചു. ഭർത്താവ് എപ്പോഴും ഭാര്യയെ സാമ്പത്തികമായി സഹായിക്കാൻ ബാധ്യസ്ഥനാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡോ. ചില്ലാകുർ സുമലത, കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.

2024ൽ വിവാഹിതരായ ദമ്പതികൾ വിവാഹത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിരുന്നു. ഭർത്താവിൻറെ പ്രതിമാസ ശമ്പളം 60,646 രൂപയും, ഭാര്യയുടെ വരുമാനം പ്രതിമാസം ഏകദേശം 1 ലക്ഷം രൂപയുമാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടായിട്ടും, ഭാര്യ ജീവനാംശം തേടി കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് പ്രതിമാസം 20,000 രൂപ ജീവനാംശമായി നൽകണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്.

ഇരുപക്ഷത്തിൻറെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം, ഭാര്യ സാമ്പത്തികമായി സ്വയംപര്യാപ്തയാണെന്നും കുട്ടികളെയോ മറ്റ് ആശ്രിതകളെയോ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കികല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തിൽ, കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന ഭർത്താവിനെ ജീവനാംശം നൽകാൻ നിർബന്ധിക്കുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.