വിശന്നപ്പോൾ അൽപം കൂടി ചോറ് ചോദിച്ചു ; ശിക്ഷയായി വിദ്യാർഥികളെ ഇരുട്ടറയിൽ മുട്ടുകുത്തിച്ച് ക്രൂരത കാട്ടി പ്രിൻസിപ്പൽ 

വിശന്നപ്പോൾ അൽപം കൂടി ഭക്ഷണം ചോദിച്ചതിന് സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പ്രിൻസിപ്പലിന്റെ ക്രൂരത. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം. ഭക്ഷണം അധികം ചോദിച്ച കുട്ടികളെ ശിക്ഷയായി രാത്രി ഒരു മണിക്കൂറോളം ഇരുട്ടറയിൽ മുട്ടുകുത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

 

 ഹൈദരാബാദ്: വിശന്നപ്പോൾ അൽപം കൂടി ഭക്ഷണം ചോദിച്ചതിന് സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പ്രിൻസിപ്പലിന്റെ ക്രൂരത. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം. ഭക്ഷണം അധികം ചോദിച്ച കുട്ടികളെ ശിക്ഷയായി രാത്രി ഒരു മണിക്കൂറോളം ഇരുട്ടറയിൽ മുട്ടുകുത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ദാമെർചെർല മണ്ഡലിലെ സർക്കാർ സ്കൂളിൽ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും ചോറ് ആവശ്യപ്പെട്ടതാണ് പ്രിൻസിപ്പലിനെ ദേഷ്യം പിടിപ്പിച്ചത്. എട്ടു മണി മുതൽ ഒൻപത് മണി വരെ കുട്ടികളെ ഇരുട്ടുമുറിയിൽ മുട്ടുകുത്തിച്ചു നിർത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ, കുട്ടികൾ ഭയന്ന് മുട്ടുകുത്തി നിൽക്കുന്നത് വ്യക്തമാണ്. 'ഭക്ഷണം കഴിച്ചവർക്ക് അത് പറഞ്ഞ് പോകാം, കൂട്ടുകാരെ രക്ഷിക്കാൻ നോക്കേണ്ട, അങ്ങനെ ചെയ്താൽ എല്ലാവരും ഇവിടെ ശിക്ഷ അനുഭവിക്കേണ്ടി വരും' എന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കേൾക്കാം.

കുട്ടികൾക്ക് ഭക്ഷണം നിഷേധിച്ചതിനോ ശിക്ഷിച്ചതിനോ കൃത്യമായ വിശദീകരണം നൽകാൻ സ്കൂൾ അധികൃതർ തയാറായിട്ടില്ല. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ നടന്ന ഈ സംഭവം വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.