ഓരോ വീട്ടിലേക്കും 5000 രൂപ? സ്റ്റാലിന്‍റെ പ്രഖ്യാപനം ഉടന്‍
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്‍റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാന ഭരണത്തിലിരിക്കുന്ന ഡിഎംകെയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയർത്തി എഐഎഡിഎംകെ, ബിജെപി എന്നീ കക്ഷികള്‍ക്ക് പുറമെ വിജയ് രൂപീകരിച്ച ടിവികെയും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്‍ വർഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഡിഎംകെ സർക്കാർ തയ്യാറാകുന്നത്.
സർക്കാർ നല്‍കുന്ന പൊങ്കല്‍ കിറ്റില്‍ പണം കൂടി നല്‍കിയേക്കുമെന്ന കാര്യം തമിഴ്നാട് കൈത്തറി, ടെക്സ്റ്റൈല്‍സ് മന്ത്രി ആർ ഗാന്ധി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കിറ്റ് വിതരണം സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇന്നോ നാളെയോ നടത്തിയേക്കും. പൊങ്കല്‍ സമ്മാന വിതരണത്തിനുള്ള എല്ലാം ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞതായും സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. ജനുവരി 10ന് അകം അർഹരായ എല്ലാ വീടുകളിലേക്കും സർക്കാറിന്‍റെ പൊങ്കല്‍ സസമ്മാനം എത്തിയേക്കും. 14 നാണ് പൊങ്കല്‍ സമ്മാനം.
സാധാരണ ഗതിയില്‍ ഒരു കിലോ പച്ചരി, പഞ്ചസാര,പരിപ്പ്, വെളിച്ചെണ്ണ, ഒരു കരിമ്പ് എന്നിവ അടങ്ങുന്ന കിറ്റ് ആണ് പൊങ്കലിന് വിതരണം ചെയ്യാറുള്ളത്. 2021 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്ന് അധികാരത്തിലുണ്ടായിരുന്ന എഐഎഡിഎംകെ സർക്കാർ പൊങ്കല്‍ കിറ്റിനൊപ്പം 2500 രൂപയും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് പൊങ്കല്‍ ആഘോഷത്തിന് നല്‍കിയ ഏറ്റവും ഉയർന്ന തുകയും ഇതായിരുന്നു. എന്നാല്‍ തുടർന്ന് അധികാരത്തില്‍ വന്ന ഡിഎംകെ സർക്കാർ ഈ തുക ആയിരമാക്കി കുറച്ചു. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വർഷം പണം നല്‍കുന്നത് പൂർണ്ണമായി ഒഴിവാക്കി.
ഇത്തവണ ഡിഎംകെ സർക്കാർ 3000 രൂപ പൊങ്കല്‍ സമ്മാനമായി നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അത് 5000 രൂപവരെയായി ഉയർന്നേക്കും. എന്തായാലും തുക സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തത ഉണ്ടായേക്കും.