ദുരഭിമാനക്കൊല; യുവാവ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു
കർണാടകയിലെ വിജയനഗര ജില്ലയില്‍ റിപ്പോർട്ട് ചെയ്ത മൂന്ന് കൊലപാതകങ്ങള്‍ നാടകീയമായ വഴിത്തിരിവ്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ തിരോധാന പരാതി നല്‍കി കൃത്യമായി പ്ലാൻ ചെയ്ത ഒരു 'ദുരഭിമാനക്കൊല'യാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
തന്റെ സഹോദരി വിവാഹേതര ബന്ധത്തില്‍ ഗർഭിണിയാണെന്ന് അറിഞ്ഞതാണ് അക്ഷയ്‌യെ പ്രകോപിപ്പിച്ചത്.
കർണാടകയിലെ വിജയനഗര ജില്ലയില്‍ യുവാവ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ തിരോധാന പരാതി നല്‍കി കൃത്യമായി പ്ലാൻ ചെയ്ത ഒരു 'ദുരഭിമാനക്കൊല'യാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന കൊട്ടുരു പട്ടണത്തിലെ വീട്ടില്‍ വെച്ച് പിതാവ് ഭീമരാജ്, മാതാവ് ജയലക്ഷ്മി, 18 വയസ്സുള്ള സഹോദരി അമൃത എന്നിവരെ പ്രതി അക്ഷയ് കുമാർ കൊലപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജനുവരി 27നാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് കരുതപ്പെടുന്നു.
തിലക് നഗർ പോലീസ് പറയുന്നതനുസരിച്ച്, തന്റെ സഹോദരി വിവാഹേതര ബന്ധത്തില്‍ ഗർഭിണിയാണെന്ന് അറിഞ്ഞതാണ് അക്ഷയ്‌യെ പ്രകോപിപ്പിച്ചത്. സഹോദരി പ്രണയിച്ചിരുന്ന യുവാവ് മറ്റൊരു ജാതിയില്‍പ്പെട്ട ആളായതിനാലാണ് പ്രതി ഈ ബന്ധത്തെ എതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമൃതയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കാൻ മാതാപിതാക്കള്‍ തയ്യാറാകാത്തത് അക്ഷയ്‌യെ കൂടുതല്‍ പ്രകോപിതനാക്കി. തന്റെ വാക്കിന് കുടുംബത്തില്‍ വിലയില്ലെന്നും സഹോദരി കുടുംബത്തിന് 'അപമാനം' വരുത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു.