ഹണി ട്രാപ്പിന് സാധ്യതയുണ്ട്; സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം, മാർഗനിർദേശം പുറത്തിറക്കി

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ ഹണി ട്രാപ്പിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം പുറത്തിറക്കി.

 

പത്രപ്രവർത്തകർ, ഗവേഷകർ, പ്രതിരോധ വിദഗ്ധർ അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്

ഡൽഹി : പാക്കിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ ഹണി ട്രാപ്പിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം പുറത്തിറക്കി.

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച്‌ ആൻഡ് ഡെവലപ്‌മെന്റാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമപ്രൊഫൈലുകളില്‍ തങ്ങളുടെ ഔദ്യോഗിക പദവിയോ നിർണായക വിവരങ്ങളോ പങ്കുവെക്കരുത്, അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്,

ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നിവയാണ് പ്രധാന മാർഗനിർദേശങ്ങള്‍. രാജ്യത്തെ എല്ലാ പൊലീസ്, സുരക്ഷ യൂണിറ്റുകള്‍ക്കും അയച്ച മാർഗനിർദേശത്തില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രതയെ കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്.

 സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കണമെന്നും ടു ഫാക്ടർ ഓതറൈസേഷൻ നടപ്പാക്കണമെന്നും നിർദേശമുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചാരസംഘടനകള്‍ പ്രധാനമായും ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത്.

യുവതികളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചറായി നല്‍കി സൗഹൃദം സ്ഥാപിച്ചാണ് ഇവർ വിവരങ്ങള്‍ ചോർത്തുന്നത്. പത്രപ്രവർത്തകർ, ഗവേഷകർ, പ്രതിരോധ വിദഗ്ധർ അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്. 2018ല്‍ ബ്രഹ്മോസ് എയ്റോസ്പേസ് എഞ്ചിനീയർ അറസ്റ്റിലായതും 2020-ല്‍ നേവി ഉദ്യോഗസ്ഥർ ഹണിട്രാപ്പില്‍ പെട്ടതുമടക്കമുള്ള മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം ആദ്യവും രാജസ്ഥാനില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.