ദുരൂഹത സംശയിക്കുന്നു ..!   ‘അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ശിവസേനയും കോൺഗ്രസും

മഹാരാഷ്ട്ര ബാരാമതിക്ക് സമീപമുണ്ടായ വിമാന അപകടത്തിൽ മരിച്ച  ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷകക്ഷികളായ ശിവസേനയും കോൺഗ്രസും രംഗത്ത്.

 

ന്യൂഡൽഹി: മഹാരാഷ്ട്ര ബാരാമതിക്ക് സമീപമുണ്ടായ വിമാന അപകടത്തിൽ മരിച്ച  ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷകക്ഷികളായ ശിവസേനയും കോൺഗ്രസും രംഗത്ത്. ബുധനാഴ്ച  അപകടത്തിന്റെ സാഹചര്യങ്ങൾ ചോദ്യം ചെയ്തും ഗൂഢാലോചന ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. രണ്ട് പ്രധാന എൻസിപി വി ഭാഗങ്ങൾ തമ്മിലുള്ള ഏകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്ന സമയത്തായിരുന്നു അപകടം.

ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവുത്ത് പവാറിന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്തു. "അജിത് പവാറിനുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കുള്ളിൽ പോലും ഈ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിൽ എന്തോ ചതിയുണ്ട്. തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചിരിക്കണം," അദ്ദേഹം പറഞ്ഞു. "പവാർ പഴയ സഖ്യത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, എന്നാൽ പവാറിനെതിരെയുള്ള അഴിമതിയാരോപണവുമായി ബിജെപി വീണ്ടും രംഗത്തെത്തി. പിന്നീട് ദുരൂഹമായ അപകടം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാക്കളെക്കുറിച്ചുള്ള ചില ഫയലുകൾ ഉണ്ടെന്ന് അജിത് പവാർ ഒരു പ്രസ്താവന നടത്തിയിരുന്നു, ഇതിനർത്ഥം എൻഡിഎ വിടാൻ അജിത് പവാർ തീരുമാനിച്ചിരുന്നു എന്നാണ്. എനിക്ക് സംശയങ്ങളുണ്ട്. ഞാൻ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും," സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.