തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ല ; വിജയ്‌യ്ക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി എം കെ സ്റ്റാലിന്‍

നിയമസഭയിലെ ലൈബ്രറിയില്‍ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു

 

ജയിലിലെ മര്‍ദനത്തില്‍ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിന്‍, താടിയില്‍ തട്ടി തന്നെ കളിയാക്കിയത് 'കറക്റ്റ്' ആണെന്നും പറഞ്ഞു

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിന്‍ മറുപടി നല്‍കി. ജയിലിലെ മര്‍ദനത്തില്‍ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിന്‍, താടിയില്‍ തട്ടി തന്നെ കളിയാക്കിയത് 'കറക്റ്റ്' ആണെന്നും പറഞ്ഞു. ഇപ്പോഴും ശരീരത്തില്‍ പാടുണ്ട്. നിയമസഭയിലെ ലൈബ്രറിയില്‍ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെ ആണ് വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍ രം?ഗത്തെത്തിയത്. നിയമസഭയില്‍ ഡിഎംകെയെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനിടെ വിജയ് തന്റെ താടി കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.


മുഖ്യമന്ത്രിയായ ശേഷം വിജയ് മാപ്പ് പറഞ്ഞെന്നും സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയശേഷം വീട്ടില്‍ വന്നത് മറന്നോ എന്നും സ്റ്റാലിന്‍ ചോദിച്ചു. പ്രചാരണത്തിനിടെ പലതും പറഞ്ഞു. തന്നോട് ക്ഷമിക്കണം എന്ന് വിജയ് പറഞ്ഞു. അത് മറന്നേക്കൂ, ഇപ്പോള്‍ മുഖ്യമന്ത്രി ആണ്, അത് വിചാരിച്ച് ഇനി സംസാരിക്കണം എന്ന് താന്‍ മറുപടി നല്‍കി. വിജയ് അത് മറന്നത് എങ്ങനെയാണെന്നും സ്റ്റാലിന്‍ ചോദിച്ചു.
പാര്‍ട്ടി ഫണ്ടിന്റെ മറവില്‍ ഡിഎംകെ വ്യാപക അഴിമതി നടത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ഇഡി രംഗത്തെത്തിയിട്ടുണ്ടെന്നുമുള്ള വിജയ്‌യുടെ ആരോപണത്തിന് ഇഡിയുടെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തി സ്റ്റാലിന്‍ മറുപടി നല്‍കി. ഇഡി അന്വേഷിച്ച 95 ശതമാനം കേസുകളും പൊളിഞ്ഞു. ഇഡിയെക്കുറിച്ച് ഒപ്പമുള്ള കോണ്‍ഗ്രസുകാരോട് ചോദിക്കൂ. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ ഇഡി കേസില്ലേ എന്നും സ്റ്റാലിന്‍ ചോദിച്ചു.

ഒരു തോല്‍വി കൊണ്ട് ഡിഎംകെ ഇല്ലാതാകില്ല. നാണയത്തിന്റെ രണ്ട് വശം പോലെയാണ് ജയവും തോല്‍വിയും. തമിഴ്‌നാടിനായി ഇനിയും ഡിഎംകെ പോരാടും. അതാണ് ഡിഎംകെയുടെ ചരിത്രം. വിജയ് ജനത്തിനായി ഒന്നും ചെയ്തിട്ടില്ല. തന്റെ പദ്ധതികള്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്. തന്റെ സര്‍ക്കാര്‍ പണിത പാലത്തിന് മുകളില്‍ നിന്ന് റീല്‍ എടുക്കുന്നത് മാത്രമാണ് വിജയ്‌യുടെ പദ്ധതിയെന്നും സ്റ്റാലിന്‍ പറഞ്ഞു.