ചരിത്രനേട്ടം : ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സുള്ള ലോക നേതാവായി മോദി
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സ് എന്ന ചരിത്രനേട്ടവുമായി നരേന്ദ്ര മോദി. ഈ നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോദി. 2014-ലാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ അംഗമായത്. നിലവിൽ ലോകനേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ (43.2 ദശലക്ഷം) ഇരട്ടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്.
ആഗോളതലത്തിൽ മറ്റ് പ്രമുഖ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സ് എണ്ണം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീലിയൻ പ്രസിഡന്റ് ലുല (14.4 ദശലക്ഷം), തുർക്കി പ്രസിഡന്റ് എർദോഗൻ (11.6 ദശലക്ഷം), അർജന്റീന പ്രസിഡന്റ് ഹാവിയർ മൈലി (6.4 ദശലക്ഷം) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ഇടയിലും ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പ്രധാനമന്ത്രിതന്നെയാണ് ഒന്നാമൻ. 16.1 ദശലക്ഷം ഫോളോവേഴ്‌സുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും 12.6 ദശലക്ഷം ഫോളോവേഴ്‌സുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രധാനമന്ത്രിയുടെ നേട്ടം അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിനുള്ള ഡിജിറ്റൽ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.