മിന്നല്‍പ്രളയങ്ങളില്‍ ഉലഞ്ഞ് ഹിമാചല്‍ പ്രദേശ്

മിന്നല്‍പ്രളയങ്ങളില്‍ ഉലഞ്ഞ് ഹിമാചല്‍ പ്രദേശ്.  മണ്ഡി ജില്ലയില്‍ ഞായറാഴ്ചയുണ്ടായ ഒന്നിലധികം മിന്നല്‍പ്രളയങ്ങളില്‍ ചണ്ഡീഗഢ്-മണാലി ദേശീയപാതയിലെ മണ്ഡി-കുളു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനാര്‍സ, ടക്കോളി, നാഗ്വെയ്ന്‍ എന്നിവിടങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
 


ന്യൂഡല്‍ഹി: മിന്നല്‍പ്രളയങ്ങളില്‍ ഉലഞ്ഞ് ഹിമാചല്‍ പ്രദേശ്.  മണ്ഡി ജില്ലയില്‍ ഞായറാഴ്ചയുണ്ടായ ഒന്നിലധികം മിന്നല്‍പ്രളയങ്ങളില്‍ ചണ്ഡീഗഢ്-മണാലി ദേശീയപാതയിലെ മണ്ഡി-കുളു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനാര്‍സ, ടക്കോളി, നാഗ്വെയ്ന്‍ എന്നിവിടങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവങ്ങളില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് മണ്ഡി എഎസ്പി സച്ചിന്‍ ഹിരേമത്ത് അറിയിച്ചു. ഹിമാചല്‍ പ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തുടനീളമുള്ള കനത്ത മഴയില്‍ 374 റോഡുകളും, 524 വൈദ്യുതി വിതരണ ട്രാന്‍സ്‌ഫോര്‍മറുകളും, 145 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു.

മണ്ണിടിച്ചിലിനെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് എന്‍എച്ച്-305, എന്‍എച്ച്-05 എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാതകള്‍ അടഞ്ഞുകിടക്കുകയാണ്. മണ്ഡി, കുളു, കിന്നൗര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകള്‍.

ഈ മണ്‍സൂണില്‍ ജൂണ്‍ 20 മുതലുള്ള ആകെ മരണസംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 പേര്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, വീടുകള്‍ തകരല്‍ എന്നിവ മൂലവും, 124 പേര്‍ വാഹനാപകടങ്ങളിലും മരിച്ചു. 203 റോഡുകള്‍ അടയ്ക്കുകയും 458 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്ത മണ്ഡിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുളുവില്‍, വലിയ മണ്ണിടിച്ചിലുണ്ടായ എന്‍എച്ച്-305ലെ ഝേഡ് (ഖനാഗ്) ഉള്‍പ്പെടെ 79 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴയും പുതിയ മണ്ണിടിച്ചിലുകളും ഇതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചംബ, കാന്‍ഗ്ര, മണ്ഡി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളെയും ഇത് ബാധിച്ചിട്ടുണ്ട്.

കിന്നൗറില്‍ എന്‍എച്ച്-05 ഉള്‍പ്പെടെ ആറ് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മിന്നല്‍പ്രളയവും ഹൈ-ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളും കാരണം കുളുവിലും ലഹോള്‍-സ്പിതിയിലും വൈദ്യുതി മുടങ്ങി. വരും ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നും ദുര്‍ബലമായ പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.