ബംഗ്ലാദേശിൽ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

 

 ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ നരേൻ ധറിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഓഫീസിനുള്ളിലെ പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഡാറ്റാ എൻട്രി റൂമിലെ ബാത്ത്റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 

രാത്രി ഏറെ നേരം ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റഗോങ്ങ് മെട്രോപൊളിറ്റൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ സംശയകരമായ പാടുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ഹസൻ മുഹമ്മദ് ഷൗക്കത്ത് അലി അറിയിച്ചു. മൃതദേഹം ചിറ്റഗോങ്ങ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.