ആന്ധ്രപ്രദേശിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ ; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അമരാവതി: പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ആന്ധ്ര പ്രദേശ് സർക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ എച്ച് ആർ സി).
 

അമരാവതി: പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ആന്ധ്ര പ്രദേശ് സർക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ എച്ച് ആർ സി).

കൃഷ്ണ ജില്ലയിലെ എൻജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയെന്നാണ് പരാതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. കേസ് അന്വേഷണം ഏത് ഘട്ടത്തിൽ എത്തിയെന്നതടക്കം അറിയിക്കണം. ഒളിക്യാമറ ഉപയോഗിച്ച് പെൺകുട്ടികളുടെ 300 ലധികം ഫോട്ടോകളും ദൃശ്യങ്ങളും ചിത്രീകരിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുത്തെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

ശുചിമുറിയിലെ ക്യാമറ പെൺകുട്ടികൾ തന്നെയാണ് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കോളജിലെ ഒരു സീനിയർ വിദ്യാർത്ഥി ക്യാമറ സ്ഥാപിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. അവസാന വർഷ ബി ടെക് വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഈ വിദ്യാർത്ഥിക്ക് പണം നൽകി മറ്റു ചില വിദ്യാർത്ഥികൾ ദൃശ്യങ്ങൾ വാങ്ങിയെന്നും ആരോപണമുണ്ട്. മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി.

സംഭവത്തിന് ശേഷം ഹോസ്റ്റലിലെ ശുചിമുറിയിൽ പോവാൻ പോലും ഭയമാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. കോളജ് മാനേജ്മെൻറ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. “ഞങ്ങൾക്ക് നീതി വേണം” എന്ന മുദ്രാവാക്യം ഉയർത്തി പെൺകുട്ടികൾ കോളേജിൽ പ്രതിഷേധിച്ചു. എങ്ങനെയാണ് വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ സ്ഥാപിച്ചത് എന്നതിനെ കുറിച്ചും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.