ചെന്നൈയിൽ 700 കോടിയുടെ ഹെറോയിൻ വേട്ട; ഐസ്‌ക്രീം വാനിൽ ഒളിപ്പിച്ച നിലയിൽ 70 കിലോ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ വൻ ലഹരിമരുന്ന് വേട്ട. ചെന്നൈ മാധവാരത്ത് 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു. ഒരു മൊബൈൽ ഐസ്‌ക്രീം വാനിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് എന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

 

ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ലഹരിമരുന്ന് വേട്ട. ചെന്നൈ മാധവാരത്ത് 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു. ഒരു മൊബൈൽ ഐസ്‌ക്രീം വാനിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് എന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.മാധവാരത്തെ ഒരു ഐസ് ഫാക്ടറിക്ക് സമീപം ഐസ് നിറയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന വാനിലെ ഫ്രീസറിൽ അടുക്കിവെച്ച നിലയിലാണ് ഹെറോയിൻ പാക്കറ്റുകൾ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന ചെന്നൈ സ്വദേശികളായ അബ്ദുൾ ഷുക്കൂർ, ഷഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐ ഉദ്യോഗസ്ഥരുടെ പരിശോധന. മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനായി അജ്ഞാതരായ ചിലർ ഏൽപ്പിച്ചതാണ് ഈ ലഹരിമരുന്ന് എന്നാണ് പിടിയിലായവർ മൊഴി നൽകിയിരിക്കുന്നത്. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും എവിടേക്കാണ് കൊണ്ടുപോകാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.