ഹേമന്ത് സോറന്‍ ഇന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മറ്റ് മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ വിവരങ്ങള്‍ ഇനിയും തീരുമാനമായിട്ടില്ല

ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഇന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം റാഞ്ചിയിലാകും ചടങ്ങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഹേമന്ത് സോറന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ വിവരങ്ങള്‍ ഇനിയും തീരുമാനമായിട്ടില്ല. നാല് മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടുമില്ല. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഭാര്യ കല്‍പ്പന സോറനും മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

ജെഎംഎം ആറ് മന്ത്രിസ്ഥാനവും, കോണ്‍ഗ്രസ് നാലും, ആര്‍ജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. സിപിഐ എംഎല്‍ ലിബറേഷന്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കും. റാഞ്ചിയിലെ മോര്‍ഹബാദി മൈതാനത്താകും സത്യപ്രതിജ്ഞ ചടങ്ങ് എന്നാണ് വിവരം.ചടങ്ങില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഇന്‍ഡ്യ സഖ്യകക്ഷിനേതാക്കളായ മമത ബാനര്‍ജി, ഭഗവന്ത് മാന്‍ തുടങ്ങിയവരും പങ്കെടുക്കും.