സിക്കിമിൽ കനത്ത മഞ്ഞുവീഴ്ച; നാഥുലയിൽ കുടുങ്ങിയ 900-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം
സിക്കിമിലെ നാഥുല മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിയ 900ത്തിലധികം വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഇന്ത്യൻ കരസേന രക്ഷപ്പെടുത്തി. കിഴക്കൻ സിക്കിമിലെ നാഥുല, ബാബാ മന്ദിർ, സോംഗോ തടാകം എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് കരസേനയുടെ ത്രിശക്തി കോർ രക്ഷപ്പെടുത്തിയത്.
Nov 13, 2026, 18:20 IST
ഗാങ്ടോക്ക്: സിക്കിമിലെ നാഥുല മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിയ 900ത്തിലധികം വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഇന്ത്യൻ കരസേന രക്ഷപ്പെടുത്തി. കിഴക്കൻ സിക്കിമിലെ നാഥുല, ബാബാ മന്ദിർ, സോംഗോ തടാകം എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് കരസേനയുടെ ത്രിശക്തി കോർ രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയെ പൂർണ്ണമായും വെല്ലുവിളിച്ചായിരുന്നു ഈ രക്ഷാപ്രവർത്തനം. വ്യാഴാഴ്ചയാണ് അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞുവീഴ്ചയെ തുടർന്ന് സഞ്ചാരികളും പ്രദേശവാസികളും ഉയർന്ന പ്രദേശങ്ങളിൽ അകപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ കരസേന രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു.
ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രധാന പ്രദേശമാണ് നാഥുല. 1968ൽ ഡ്യൂട്ടിക്കിടെ മരിച്ച ക്യാപ്റ്റൻ ഹർഭജൻ സിങ്ങിന്റെ ആത്മാവ് അതിർത്തിയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്ന പുണ്യസ്ഥലമാണ് ബാബാ മന്ദിർ. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹിമാനി തടാകമാണ് സോംഗോ. മനോഹരമായ ഈ കാഴ്ചകൾ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്താറുള്ളത്.