ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ
റായ്പൂര്‍, ബസ്തര്‍, ദുര്‍ഗ് ഡിവിഷനുകളിലാണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്
ബസ്തറിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഛത്തീസ്ഗഡില്‍ മഴക്കെടുതിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ബസ്തറിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത്, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ്, കാങ്കര്‍, ബസ്തര്‍, ഗരിയാബന്ദ്, ധംതരി, ദുര്‍ഗ് എന്നീ എട്ട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയില്‍ 10000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
റായ്പൂര്‍, ബസ്തര്‍, ദുര്‍ഗ് ഡിവിഷനുകളിലാണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്; ഇവിടെ അരുവികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് റോഡുകളിലും ജനവാസമേഖലകളിലും വെള്ളം കയറി. ജഗ്ദല്‍പൂരില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസമേഖലകളിലേക്കും നിരവധി വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ദേശീയപാത-30-ന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതോടെ റായ്പൂര്‍-ജഗ്ദല്‍പൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
ജഗ്ദല്‍പൂരിലൂടെ ഒഴുകുന്ന ഇന്ദ്രാവതി നദിയുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി നേരിട്ട് സ്ഥലത്തെത്തി പ്രവര്‍ത്തിക്കാന്‍ ബസ്തര്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡ്‌സ് കമാന്‍ഡന്റിനും നിര്‍ദേശം നല്‍കി.