കനത്ത മഴയിൽ തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു ; ഹംപിയിലെ സ്മാരകങ്ങൾ വെള്ളത്തിൽ മുങ്ങി
ബംഗളൂരു : കനത്ത മഴയിൽ തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. വിനോദസഞ്ചാരികൾക്ക് വെള്ളം കയറിയ മേഖലയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമീഷണർ എം.എസ്. ദിവാകർ പറഞ്ഞു.
ഹംപി സന്ദർശിക്കാനെത്തുന്നവർ തുംഗഭദ്ര നദിയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീർഥ, ഹനുമാൻ ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്. ചിലത് ഭാഗികമായും ചിലത് പൂർണമായും മുങ്ങി. തുംഗഭദ്ര നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ്.
തുംഗഭദ്ര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം 1.6 ലക്ഷം ക്യൂസെക്സ് വെള്ളം തുറന്നുവിട്ടത്. അണക്കെട്ട് പരിസരത്ത് സുരക്ഷക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.