കനത്ത മഴ ; പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും താറുമാറായി

 

 മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും താറുമാറായി. മുംബൈയിലെ പാൽഘർ, വസായ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ വഴിതിരിച്ചുവിട്ടു.

ഇൻഡോർ – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം രാജധാനി എക്സ്പ്രസ് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ശ്രീ ഗംഗാനഗർ – കൊച്ചുവേളി എക്സ്പ്രസ് വരും മണിക്കൂറുകളിൽ സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്‌സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതും റൂട്ട് മാറ്റിയതും കാരണം നാട്ടിലേക്ക് മടങ്ങേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ ഉത്തരേന്ത്യൻ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്.

മഴക്കെടുതി ബാധിച്ച മേഖലകളിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം ആപ്പിലോ ട്രെയിനുകളുടെ കൃത്യമായ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.