കനത്ത മഴ ; മുംബൈയിൽ സബ്‌വേകൾ അടച്ചു, നഗരത്തിൽ വെള്ളക്കെട്ട്

 മഴ കനത്തതോടെ മുംബൈയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി. വെള്ളക്കെട്ടിനെത്തുടർന്ന് അന്ധേരി, മലാഡ് സബ്‌വേകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. എന്നാൽ, രാവിലെ എട്ടു മണിയോടെ ഈ സബ്‌വേകളിലെ ഗതാഗതം പുനഃസ്ഥാപിച്ചു. നഗരത്തിന് പുറമെ നവി മുംബൈ, താനെ, ഭിവണ്ടി തുടങ്ങിയ അയൽപ്രദേശങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

 മുംബൈ : മഴ കനത്തതോടെ മുംബൈയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി. വെള്ളക്കെട്ടിനെത്തുടർന്ന് അന്ധേരി, മലാഡ് സബ്‌വേകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. എന്നാൽ, രാവിലെ എട്ടു മണിയോടെ ഈ സബ്‌വേകളിലെ ഗതാഗതം പുനഃസ്ഥാപിച്ചു. നഗരത്തിന് പുറമെ നവി മുംബൈ, താനെ, ഭിവണ്ടി തുടങ്ങിയ അയൽപ്രദേശങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുംബൈയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. തിരമാലകൾ ശക്തമായി തീരത്തേക്ക് അടിച്ചുകയറുന്ന അവസ്ഥയാണ്. മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി നിലനിൽക്കുന്നു. മുംബൈയിലും താനെയിലും ജൂലൈ 2 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വരുന്ന നാല് ദിവസങ്ങളിലേക്ക് നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. എന്നിരുന്നാലും, മഴ പെയ്തിട്ടും മുംബൈയിലെ വായു ഗുണനിലവാരം (AQI) 42 എന്ന നിലയിൽ തുടരുന്നു എന്നത് ആശ്വാസകരമാണ്.