ബംഗളൂരുവില്‍ മഴ ശക്തം ; കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ ആണ് മരിച്ചത്.
 

ബംഗളൂരുവില്‍ മഴ ശക്തം. കനത്ത നാശനഷ്ടങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ ഉണ്ടായത്. നഗരത്തിലെ അടിപ്പാതയില്‍ വെള്ളത്തില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ ആണ് മരിച്ചത്. 22 വയസായിരുന്നു. ഭാനു രേഖയുടെ കുടുംബാംഗങ്ങളെ കാണാന്‍ വേണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി.

ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ബംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തില്‍ കെട്ടിടം ഇടിഞ്ഞും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയില്‍ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.