ഗുജറാത്തിൽ ശക്തമായ മഴ

 

ഗുജറാത്തിൽ കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 28 പേരാണ് കനത്ത മഴയിൽ മരിച്ചത്. 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മോർബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്‌വേ മുറിച്ചുകടക്കുന്നതിനിടെ ട്രാക്ടർ ട്രോളി ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ ഏഴുപേർ മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലുടനീളമുള്ള 11 ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും 22 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ശക്തമായ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് ശക്തമായ മഴ തുടരുന്നത്.